മൂവാറ്റുപുഴ : മാറാടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ എയ്ഞ്ചല്‍ വോയ്സ് കനാല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിക്ക് (എംസിഎഫ്) വീണ്ടും സാമൂഹ്യവിരുദ്ധര്‍ തീയിട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് പൊതുമുതലിന് നേരെ ആക്രമണമുണ്ടാകുന്നത്. ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിനശിച്ചു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിയതിനെ തുടര്‍ന്നുണ്ടായ പുക പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. കഴിഞ്ഞ മാര്‍ച്ച് 17ന് രാത്രി 8.30ഓടെ ഇതേ എംസിഎഫിന് തീയിട്ടിരുന്നു. അന്ന് തീ ആളിപ്പടരുന്നതിന് മുമ്പ് നാട്ടുകാരും പഞ്ചായത്ത് പ്രതിനിധികളും സ്ഥലത്തെത്തി അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വേനല്‍ക്കാലത്ത് പരിസരത്തെ ഉണങ്ങിയ ചപ്പുചവറുകളിലേക്കും സമീപത്തെ വീടുകളിലേക്കും തീ പടരാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
ആദ്യ സംഭവത്തെ തുടര്‍ന്ന് കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മാറാടി പഞ്ചായത്ത് മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് വീണ്ടും അതേ എംസിഎഫിന് തിങ്കളാഴ്ച രാത്രി തീയിട്ടത്. ഇതോടെ പ്രദേശവാസികളിലും പഞ്ചായത്ത് ഭരണസമിതിയിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷാന്റി എബ്രഹാം ആവശ്യപ്പെട്ടു.
എംസിഎഫ് ഉള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാത്രികാല പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് രാത്രികാലങ്ങളില്‍ ലഹരി ഉപയോഗത്തിനായി സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ പരാതിയും ഗൗരവമായി അന്വേഷിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി പൊതുമുതലുകള്‍ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.